Wednesday 20 August 2014

ThonnyasangaL.....

കുത്തഴിഞ്ഞ ജീവിതമല്ലിത്‌.....ഒറ്റക്കിരുന്നപ്പോൾ എനിക്ക്‌ മാത്രം തോന്നിയ ചില പിരാന്തുകൾ.... നിങ്ങൾകും പിരാന്ത്‌ ഉണ്ടെങ്കിൽ വായിക്കുക....കല്ലേറും കയ്യടിയും കാത്ത്‌....നിങ്ങളിലെ പിരാന്തിനെ ഞാൻ സ്വാഗതം ചെയ്യുന്നു....
.........................................................................................................................................................

1. എന്റെ കാത്തിരിപ്പുകൾക്‌ എന്നും മഴയുടെ സുഗന്ധം...
    അതെ, അവൾ പെയ്തൊഴിയുകയായ്‌....

    കൂടെ ഞാനും!


2.  വിണ്ട്‌ കീറിയ ഓർമ്മകൾ 
     മായ്കാനായ്‌....
     പുതുമഴ!

3.  തുള്ളി വരുന്നൊരീമഴയിൽ ...
     ചുള്ളിയൊടിഞ്ഞു പോയ്‌....
     തുരുമ്പു പിടിക്കാത്തൊരു വരത്തിനായ്‌
     കാത്തിരുന്നു മരം...





4.   മൊബൈൽ വിഴുങ്ങിയ റ്റാബ്‌ ലെറ്റ്‌..
      റ്റാബ്‌ ലെറ്റ്‌ വിഴുങ്ങിയ മനുഷ്യനു
      മാറവിയും മാറാരോഗവും....


5.   "മരങ്ങളെ രക്ഷിക്കൂ"
      അവർ ഉറക്കെ വിളിച്ചു ആ മുദ്രാവാക്യം
      'കടലാസ്‌' നോക്കി!!!

6.    മരണം സ്വിച്ച്‌ ഇട്ടു
       കരണ്ടു പോയി...
       ഇളിഭ്യനായ്‌ ജീവിതം...


7.    മാനം താഴെ നോക്കി...
       ഓളം മേലെ നോക്കി...
       മൗനം സമ്മതം!



8.    ആണിനും പെണ്ണിനും
       കറുത്തവനും വെളുത്തവനും
       കിട്ടീട്ടും കിട്ടീട്ടും മതിയാകാത്ത....ലൈക്ക്‌!

9.    ലൈക്‌ വന്നu
       ലക്കു കെട്ട്‌
       ഒരു ഹൈക്കു കവി


10.   അടുക്കുമ്പോൾ തോന്നും അകലാൻ...
        അഥവാ ഇക്കരെ നിന്നാൽ അക്കരെ
        പച്ചയൊ അതൊ ചെമപ്പൊ???       


11.    വേരും ചില്ലയും തമ്മിലുള്ള
         രക്ത ബന്ധമീ ....


         ഗുൽമോഹർ!

12.     വള്ളവും വെള്ളവും...
           കാടും വീടും പോലെ ഇരുകരകളിൽ...
             ഇടയിൽ യന്ത്രങ്ങളുടെ ദൂരം മാത്രം....

13.     ചുരത്തിനെന്നും ചേലു...
          തുരന്ന് തിന്നുന്നവന്റെയും തുരത്തി ഓടിക്കുന്നവന്റെയും....
          ചുരുണ്ട്‌ പോയൊരു ചേലു...( വാളയാർ ചുരം)

15.       നിളയുടെ മാറിൻ,
            അളവെടുത്ത്‌ രസിക്കും
             നീചർ!!!




16.       അളന്നെടുത്ത നിള...
   മാറു പിളർന്നു 
            തിന്നu മണൽ...    

17.       പലതുള്ളി കലി തുള്ളി...
            പരുവത്തിൽ തല തല്ലി...
     പേമാരി.....

18.        കഞ്ഞീം ചമ്മന്തീം....
   കാച്ചിലും ചൂടും....
            വല്ലപ്പോഴും ഒന്നു കൂടും!

19.        കലണ്ടറും ഞാനും ദിവസങ്ങളെണ്ണി...
             ഒരു ചോദ്യം ബാക്കി...ആരാദ്യം...
              ഞാനൊ അതൊ നീയൊ ???

20.        ആരാന്റെ പുളി പൂത്തപ്പോൾ
            എന്റെ പുളീം പൂക്കുമെന്നു ഞാൻ...
   എനിക്ക്‌ കത്തിയമരാൻ!

21.       മുറിയാത്തതിനും മുറിഞ്ഞതിനുമിടയിൽ
           നരച്ച ഒരീർച്ചവാളിന്നകലം...
           തെക്കോട്ടെടുക്കാതിരിക്കാൻ വടക്ക്‌ നോക്കി നിന്നു...തടി ബെഞ്ച്‌..

22.      മരണവും കാത്തു കഴിയുന്നു ഞാൻ...
'പഴുപ്പ്‌' എന്ന പാപ കറയുമായ്‌...
        ചെറുപഴത്തോട്‌ ചൊല്ലി കടലാസ്‌...നമുക്കിന്ന് ശാപമോക്ഷം...

23.    പ്രണയം -വിരഹം- മരണം...
ചെമപ്പു- നീല - പച്ച....
ഇതാണൊ ജീ- വി- തം???



24.    ഇഴുകി വീഴുമൊരു കൂടാരത്തിൻ ശീലപോൽ...
മെഴുകു പുരളാത്തൊരു തിരശീലമേൽ.....
ഇഴചേരുന്നു പെയ്തൊഴിഞ്ഞ തുള്ളികൾ... (BBC)


25.      ഹായ്‌.. എന്നു മുഴുമിക്കുമ്മുമ്പേ...
ഞാനുമാ കുത്തൊഴുക്കിൽ ലയിച്ചു പോയ്‌...
ഇത്‌ ഹൈകു പ്രളയമൊ... പ്രണയമോ ??



26.   വാക്കിന്റെ വഴിയെക്കാൾ
തോക്കിന്റെ വഴിയാണു അവർക്കിഷ്ടം
കൂക്കി വിളിക്കാനായ്‌ കാക്കുന്നു മരണവും... (Gazza)

27.   മഴക്കു കളി...
വഴിക്ക്‌ ചെളി...
വഴുക്കുന്നു ജീവന്റെ വിഴുപ്പുകൾ... ( accedent )

28.   കൊടി യും കോടി യും...
കട യും കട വും....
'ക' യുടേയും 'ട' യുടേയും 'കാട'ത്തരങ്ങൾ !!!


29.   ലൈക്‌ ഇല്ലാത്ത ഹൈകു
ചുക്കില്ലാത്ത കഷായം
ഫോണില്ലാത്ത ഹെട്സെറ്റ്‌.... (ഉത്തരാധുനികം)


30.   കാറ്റോടി മഴയോടി
കാട്‌ വിട്ട്‌ മയിലോടി
ഓടിക്കേറാനെനിക്‌ മരപ്പൊത്ത്‌...

31.   ഒരിറ്റ്‌ വറ്റിനായ്‌ കാറ്റിൽ കുറ്റാക്കൂരിരുട്ടിൽ
പൊറ്റപൊളിഞ്ഞ്‌ വറ്റി ഞാൻ ഊറ്റമറ്റൊരുനാൾ...
പറ്റിപ്പോയ പേറ്റ്‌ നോവിൻ തെറ്റ്‌....

32.    ഇഴഞ്ഞു വന്നൊരു അഴലിൻ പുഴയെ
മൊഴിചൊല്ലി നിഴലും മഴ മേഘവും....
തഴഞ്ഞ കാഴ്ചകൾ പൊഴിഞ്ഞു വീഴുന്നു
ഒഴുക്കു നിന്നൊരീ അഴുക്കു ചാലിൽ...


33.   സഹവാസം
പരിഹാസം
വനവാസം!!!



34.     തൊട്ടാൽ വാടും
തട്ടിയാൽ പൊട്ടും
തൊട്ടുകൂടായ്മയുടെ തീണ്ടാപ്പലകകൾ...


35.   ഒരു ഗിയർലെസ്സ്‌ കുതിര
ഒരു ഫിയർലെസ്സ്‌ രാജാവ്‌
തലപ്പാവും തലവിധിയും...
(ശിൽപി എന്നെ നോക്കി പുഞ്ചിരി തൂകി)
................ഉത്തരാധുനികം......


36.   സ്റ്റാർട്‌ -ആക്ഷൻ - കാമറ
ബാറ്ററി തീർന്നു...
പൂവ്‌ പിണങ്ങി പോയി.....
( നീണ്ട അരമണിക്കൂർ ശ്രമിചിട്ടും എന്റെ പാവം ലെൻസിനു മനസ്സിലാക്കാൻ കഴിഞ്ഞില്ല ഈ പൂവിനെ മാത്രം)

37.   മഞ്ഞയിൽ ഒരു ഹൃദയം...
മഞ്ഞുതുള്ളികൾ കൂട്ടിനില്ല...
മാഞ്ഞുപോകാൻ കൊതിക്കയോ നീയും....
( പേരറിയാത്തൊരു പുഷ്പം )



38.   യാചന
വേദന
പൂതന!


39.   അമ്മയില്ല .....
കണ്ണുനീരില്ല....
കളിപ്പാട്ടവുമില്ല.....( sculpture of a boy)


40.   പിടച്ച്‌ നിന്നു ഞാൻ
പകച്ച നോട്ടമെൻ
പഴഞ്ചൻ കണ്ണിൽ നിന്നും....
( പടിയിറങ്ങുന്നു ഞാനും..... ശുഭരാത്രി.... )


41.   സമയം നിശ്ചലം ശാന്തം...
നിൽകുന്നു ഞാനീ തീരത്ത്‌
മറക്കുന്നു വീണ്ടും ഉണരാറാവും മുന്നേ...
( എന്റെ കാമ്പസ് ‌)



42.     സിനിമ
        തനിമ
        വിഷമാ....


43.    അങ്ങകലെ കാത്തിരിക്കുന്നു...
കാലം കാത്തു വെച്ച ചിലത്‌....
വിലയുള്ളവരല്ല; മറന്നേക്കുക....!!!


44.    ഇലപൊഴിച്ചു മരം...
കുളിക്കാൻ കടവിലേക്ക്‌ നോക്കി...
പരസ്പരം തൊടാൻ ചില്ലക്കൈവിരലുകൾ നീട്ടി........


45.   സുഖവാസം അട്ടഹാസം
പരിഹാസം വനവാസം
പത്ത്‌ മാസം....പുതുമാംസം!


46.    വാടി ഞെട്ടറ്റ്‌ താഴേയ്ക്കു വീഴുന്നു...
വാനിൽ നിന്നുമണ്ണിലേക്കുള്ള വഴിയെ....
വീണ്ടും നാളെയൊരു മന്ദാരമായ്‌ പൂവിടാൻ.....


47.  
ഞാനാരുമല്ല,
എങ്കിലും....
എന്നുള്ളിൽ 'എല്ലാം' 'ഞാൻ'!



48.
കടം കൊണ്ട അക്ഷരത്തിൻ കനം, അതെന്നെതന്നെ തുറിച്ച്‌ നോക്കി എന്നോട്‌ ആക്രോശിച്ചു...
എന്റഛനാരു? അമ്മയാരു?നീയെനിക്കാരു? ചൂളിപ്പൊയ്‌ ... ഞാനുംഎൻ ചിറകൊടിഞ്ഞ കിനാക്കളും....


49.
അതിഥികൾകായി
വഴിയമ്പലത്തിൽ...
സ്വയം വിട്ട്കൊടുത്ത്‌...ഉറങ്ങാതിരുന്നു ഞാൻ....


51.
ആവില്ലെനിക്ക്‌ അശക്തനാണു ഞാൻ... ആയുധം പണയപ്പെടുത്തി...
ആളൊഴിഞ്ഞൊരു
മൂലയിൽ ഇരിക്കാനെനിക്കിഷ്ടം...


52.
മണ്ണിൻ അധിനിവേശം ചെറുത്തു തൊൽപിച്‌ നൊവിൻ പുഴതാണ്ടി ഞെരിഞ്ഞമർനു നിലവിളിച്ചു ഞാൻ...
പുനർജന്മത്തിനായ്‌....അഹല്യയെപോൽ....അറിയാതെ പറ്റിയ തെറ്റിൻ മാറാപ്പും തോളിലേറ്റി
ഞാനലഞ്ഞു നിന്നിലേക്കെത്താൻ....

53.
ആഴമേറിയ ഇരുളിൻ തണുപ്പിൽ
ആളൊഴിഞ്ഞൊരു തോണിയായൊഴുകി ഞാൻ...
ദിശയില്ല വഴിയറിയില്ല സ്വയം മറന്ന്!




54.
മണ്ണിലലിഞ്ഞു-
വേരിലൂടെ മരത്തിന്റെ ആത്മാവിനെ തൊടാൻ
മഴകൊതിച്ച്‌ 'കരിയില'!


55.
മധുരമേറും ഈ വിളിക്കുo
കടപ്പെട്ടിരിക്കുന്നു ഞാനും
എൻ ചിന്തകളും....


56.
പച്ചില പഴുത്തിലയെ യാത്രയാക്കി...
നാമൊരേവഴിയിലെ യാത്രക്കാർ,
വിണ്ണിൽ നിന്ന് മണ്ണിലേക്കുള്ള വഴി!!!


57.
കുഞ്ഞിക്കണ്ണു വിടർത്തി-
ചുറ്റും നോക്കി-
"ഒരുനാൾ ഞാനും വലുതാകും" - തളിർ!


58.
നൂല്‌ പൊട്ടിയ പട്ടം,
നിൽക്കാതെ ഒഴുകുന്നു...
പെയ്യാൻ കൊതിച്ച്‌ മേഘശകലങ്ങൾ!


59.
ബന്ധങ്ങളുടെ കണക്കുപുസ്തകം
നെഞ്ചിൽ കനംവെച്ചു,
കണ്ണു മുറുക്കിയടച്ച്‌ വെള്ളപുതച്ചച്ഛൻ!


60.
നിലാവിൻ-
പൂങ്കവിള്‍ ചുംബിച്ച്,
നിറമിഴിയോടെ കാർമുകിൽ!

61.
കീറപ്പായിൽ-
അഛനും അമ്മയും മോനും
'സോഷ്യലിസം' പടിക്കുന്നു!

62.
കണ്ണീര്‍ നനവുള്ളപുഞ്ചിരി തൂവി,
നിര്‍വചനമില്ലാത്ത,
കഥകള്‍...


63.
പുഞ്ചിരികും സാന്ത്വനത്തിനും അന്യം-
കയറിൻ തുമ്പിൽ,
ശാപമോക്ഷം!


64.
ചോര നീരാക്കിയെന്നച്ഛൻ,
ചോര വീഞ്ഞാക്കിയെന്നു ദൈവം,
തൊഴുത്തിൽ വീഞ്ഞപ്പെട്ടിക്കു അന്ത്യവിശ്രമം!

65.
കൽപ്പടവിനെ,
കാലു ചവിട്ടിയാൽ...
ദീനമില്ല!

66.
തുലാക്കൂരൊരു
കൂരാണെങ്കിൽ...
കൊണ്ട കടങ്ങൾ തീ ർക്കും ഞാൻ!
( ഉമ്മിച്ചി പറഞ്ഞ പഴഞ്ചൊല്ല്)

67.
ഗുൽമോഹർ,
പച്ചയാമെൻ പ്രണയത്തിൻ....
ചുവപ്പ്‌ നീ!


68.
ചെവി കടിച്ച്‌,
ചെമ്പരുത്തി...
ഒമന പേരു 'പിരാന്തൻ' !

69.
അമ്മ അച്ഛനെ തല്ലുന്നു,
കൈ കൊട്ടിച്ചിരിക്കുന്നു കുട്ടി....
....ഇതൊരു 'സീരിയൽ കുടുംബം'!

70.
വെള്ളപൂശുന്നു-
വീട്‌...
കാഴ്ച പോയെന്നു ഭിത്തി!

71.
ബലിക്കാക്ക,
മരിച്ചു.....
ബലിയിടാനാളില്ല!

72.
ഇണക്കിളിക്കൊഞ്ചൽ
നാണിച്ച്‌ തലകുനിച്ച്‌,
....മൊബേൽ ടവർ!

73.
കരയിപ്പിച്ചത്‌ ഞങ്ങളല്ല.
വാക്കുകളോട്‌ മുഖം വീർപ്പിച്ച്‌...
അക്ഷരങ്ങൾ!


74.
ഒരു വലയ്ക്കും:
പിടിതരില്ല....
......ഓളങ്ങൾ!

76.
ശിശിരത്തിൽ-
ഇലപൊഴിഞ്ഞപ്പൊൾ...
മറക്കാൻ മഞ്ഞിൻ പുതപ്പ്‌!


77.
അകലേക്കു പായാൻ കൊതിച്ചിട്ടും
വീണ്ടും ഗോളത്തിനുള്ളിൽ കണ്ട്മുട്ടുന്നു നാം...
നാഴികമണിയിലെ മൺതരികൾ!

78.
അവശതകളുടെ കെട്ടഴിച്ചു ,
പഴക്കം വന്ന മിഴികളാൽ പരസ്പരം നോക്കി...
.....രണ്ട്‌ കതിനക്കുറ്റികൾ!


79.
ഒരുനാൾ മണ്ണിലലിഞ്ഞു ചേരുമെന്നറിയെ-
പിടയുന്ന നെഞ്ചും തേങ്ങുന്ന മനസ്സുമായി
ചിരിച്ചുനിന്നു തണലേകി....ആലില!

80.
നെടുവീർപ്പിനർത്ഥം ഞാനറിയുന്നു-
സ്വപ്നം കണ്ട ആ ലോകമുണ്ടെങ്കിൽ ... കാത്തിരിക്കുക....
നമുക്കൊരുമിച്ചു നടക്കാം!

81.
പറയാനുണ്ട്‌ ഇനിയുമേറെ...താളത്തിൽ...
തോരാമഴയിലും പൊള്ളുന്ന വെയിലിലും.... കിട്ടുന്നതൊക്കെയും പങ്കുവെച്ചു.....
...........തിരയും തീരവും............

82.
മരംകൊത്തി,
ശിൽപത്തിൽ....
മഴ നിറയൊഴിക്കുന്നു!

83.
ഞെട്ടറ്റ്‌ ഇല,
മൺ വീട്ടിൽ...
മെത്തയൊരുക്കി മഴവെള്ളം!

84.
നിഴലല്ല,
നീ തന്നെ...
ഞാൻ കണ്ട സ്വപ്നം!


85.
കടവ്‌,
അകലുന്നു തോണി...
കണ്ണീരൊപ്പ്‌, ഓളങ്ങൾ!


86.
മതിൽ,
മണ്ണു കീറി വിണ്ണിൽ നോക്കി ...
മൂകസാക്ഷി!!!

87.
പ്രളയം-
തോളിലേറ്റി വറുതി....
മങ്ങിയ കാഴ്ച്ച!

88.
കുന്നിറങ്ങി കാട്‌ താണ്ടി,
പുഴ നിറച്ചു...
പുതുമഴ!!

89.
പുസ്തകമറിഞ്ഞു,
നെഞ്ചിൻ താളം....
മഴ നനയാതെ!!!


90.
മണി-
ഇസ്കൂളിനു പുറത്തേക്ക്‌...
ഐസ്‌ കാരൻ!


91.
മുറ്റം നിറഞ്ഞു,
കടലാസു തോണിയേറി....
കുഞ്ഞു സ്വപ്നങ്ങൾ!!!


92.
മഴ -
മന്ത്ര ചരടിൻ....
രുദ്രാക്ഷം ഉരുട്ടുന്നു!

93.
മഴയുറങ്ങി-
അരുവി മിന്നി....
മഴപ്പുള്ളിൻ മിഴി നനഞ്ഞു!


94.
ഇടവപ്പാതി-
ഇമ ചിമ്മാതെ...
ഇടിയും മഴയും!!!


95.
കാറ്റും മഴയും,
കൈ കോർത്തു....
കുട തോറ്റു!!


96.
ഇറയിലെ,
മഴനൂലുകൾ തുന്നിയ...
പുത്തനുടുപ്പിട്ട്‌ തറവാട്‌!!!

97.
മഴത്തുള്ളി,
പുൽനാമ്പിൽ....
പാദസരം ചാർത്തി !


98.
ടെക്നോളജി-
കളിസ്ഥലത്ത്‌ കാട്‌...
കമിതാക്കൾക്‌ കുടവയർ!!!

99.
അഛനിഷ്ടം
അമ്മക്കു കഷ്ടം
പുഴുവിനു നഷ്ടം! (Chembin thoran)

100.
നിറം മാറ്റി വാനം,
നിറം വെച്ചു ഭൂമി...
നിറം: കറുപ്പ്‌!!!

101.
മഴയായ്‌,
പെയ്തു സ്വപ്നങ്ങൾ...
മിഴി തോരാതെ!


102.
മഴത്തുള്ളി,
ഇലക്കനം...
വേരിൻ സ്വപ്നം!


103.
കടലാസുപൂവ്‌,
മണമില്ല...
ഓണവുമില്ല!

104.
ചായമിട്ട്‌,
ചന്തയിലേക്ക്‌...
മാംസക്കച്ചവടം!

105.
ആമ്പൽക്കുളം,
കിളി കണ്ണാടി നോക്കി...
ഓളങ്ങൾക്‌ മൗനസമ്മതം!

106.
പുതുമഴ:
ഈറൻസന്ധ്യ,
കണ്ണുചിമ്മി മൺചിരാത്‌!

107.
ഓലവിരലിന്നിടയിൽ
ഇളം കാറ്റ്‌
വിശുദ്ധ പ്രണയം!


108.
കളിമൺ വീട്‌,
തിര....
ആരോട്‌ കൂട്ട്‌ കൂടും....( child @ sea shore)

109.
ചെറുപ്പത്തിൻ
തിളക്കം
തുമ്പക്ക്‌...

110.
നിന്നാത്മാവിൽ
കത്തിയെരിഞ്ഞു
ചാമ്പലായ്‌ ഞാൻ! ( petrol)

112.
മരണമല്ല
ഇതെൻ പുനർജ്ജന്മം
പൊഴിഞ്ഞു വീണത്‌  പാഴ്കിനാവ്‌ പോൽ....

113.
പ്ലാസ്റ്റിക്‌ പൂക്കളം,
ചീന്തിയ ചിറകുമായ്‌...
ഓണത്തുമ്പി വിതുമ്പി....


114.
പ്രളയമെങ്കിലും,
പ്രണയിക്കുന്നു....
പേമാരിയെ!

115.
പൊക്കുവെയിൽ നെയ്യുന്നു,
പുളിഞ്ഞരമ്പിൻ...
പുത്തനുടുപ്പ്‌!


116.
കാത്തിരിപ്പിന്നാക്കം താങ്ങാതെ
തിടുക്കം കൂട്ടുന്ന കാമുകൻ...
മഴ!

117.
നിലാവിൻ
നിഴലിൽ
നനുത്ത ചിന്തകൾ...󾮗

118.
ഇലയനങ്ങി
താളത്തിൽ....
കുഞ്ഞുറുമ്പിനു താരാട്ട്‌!


119.
പരൽമീൻ'
ഒഴുക്കിനെതിരേ...
ഞാൻ ഓർമ്മതൻ ഓളങ്ങളിൽ!

120.
പുത്തനുടുപ്പും പുസ്തകസഞ്ചിയും,
കളിയും കരച്ചിലും....
ഒന്നാം ക്ലാസ്സ്‌!

121.
പേനയില്ലാതെ,
എഴുതാൻ പഠിപ്പിച്ചു...
ഹൈക്കു!

122.
ഓലപീപ്പി,
ഓലപ്പന്ത്‌....
ഓർമ്മയിൽ ഒളിക്കുന്നു, ഓണക്കാലം!

123.
മഴ നിന്നു,
അരുവി തെളിനീരായ്‌....
തോർത്തും പരൽമീനും, കുസൃതിക്കാലം!

124.
കലക്കവെള്ളം...
കടലാസ്‌ തോണി...
കുട്ടിക്കാലം!

125.
തൊട്ടാൽ വാടും
തട്ടിയാൽ പൊട്ടും
തൊട്ടുകൂടായ്മയുടെ തീണ്ടാപ്പലകകൾ

126.
ചെമ്മാനം,
കരിമഷിയെഴുതി
കാതരയായ്‌ മഴത്തുള്ളി!

126.
തുമ്പിക്കും
പെണ്ണിനും
ഇനി പൂക്കാലം...

127.
ഇരുട്ടിനെ,
പ്രണയിച്ച്‌ നിഴൽ...
രാവിൽ ഞാൻ മാത്രമായ്‌...

128.
മേഘ തീർത്ഥം നീന്തി,
താരക മുത്തുകൾ
വാനിലെ മിന്നാമിനുങ്ങുകൾ!

129.
മണ്ണിന്‍ ഈറന്‍ മണം
ഇരുളില്‍ വേഷമഴിച്ചു കിടന്നു....
മരണം ഓർമ്മയെ മായ്ച്ചു തണുത്ത കയ്യാൽ....

130.
സ്വന്തം കാലില്‍ നിക്കാൻ
ചോരവറ്റിച്ച യൌവനം
കരഞ്ഞും ചിരിച്ചും തെരുവിൽ!

131.
ജീവിതം,
അനുകരിച്ചും അഭിനയിച്ചും മുന്നോട്ട്‌
വിലയില്ലാത്ത കഥ!


132.
ഒരേ ഉദരം പങ്കിട്ടു,
ഒരുമയെന്ന കളവ്‌...
അനാഥയാം അമ്മ....

133.
അറിയണമല്ലൊ,
കാറ്റ്‌ കാലത്തിനും
അതീതമാണല്ലൊ...

134.
ഉടമസ്ഥാവകാശത്തിന്‍ ഉറപ്പില്ലാകരാർ പാലിക്കപ്പെട്ടിട്ടും
ഇരുട്ടിൽ ശിക്ഷിച്ച്‌ മറ്റൊരു ജീവിത നാടകവേദിയിലേക്ക്
തള്ളിവിടുന്ന ചിപ്പിയുടെ നിസ്സംഗത...( ഒരു മുത്തിന്റെ വേദന ജനനത്തിനു മുൻപെ)

135.
ചായക്കും,
പറയാനുണ്ട്‌
ചായം പൂശാത്ത കഥകൾ!

136.
കാത്തുവെച്ചത്‌
കാമുകനേകാൻ
കാർമ്മുകിൽ!

137.
തണുത്ത കാറ്റിൻ
പുതപ്പുമായ്‌ മയങ്ങുന്നു
തെരുവു നായ!

138.
കാറ്റ്‌-
പറയാതെ പറയുന്നു
കണ്ടതെല്ലാം!

139.
നിഴൽ:
നിറമില്ലാത്ത
കൂടപ്പിറപ്പ്‌!

140.
നീലിച്ചു-
നിലാവറിയാതെ
നിഴലകന്നു, മുത്ത്‌!

142.
താരകങ്ങൾ
തൊട്ടിലാടി
കുഞ്ഞോളങ്ങൾ!

143.
മഴനനഞ്ഞു
പുതുവർഷം
കസവ്‌ കണ്ണിറുക്കി!

144
പിരാന്ത്‌:
ചങ്ങലതൻ തണുപ്പ്‌
പൊട്ടിച്ചിരി.. ഈറനായ്‌ നിലാവ്‌..

145.
ഫാസിസം:
പോസ്റ്റിട്ടു...
അറെസ്റ്റ്‌ ചെയ്തു നീക്കി!


146.
ഗന്ധർവ്വനെ കാത്ത്‌
വർഷങ്ങൾ
പാലപ്പൂവിനു മഴയുടെ ഗന്ധം!



147.
വിട തരുക-
എന്നേക്കുമായ്‌...
നനഞ്ഞ പതാക !

148.
പരിഭവ വേരുകളാൽ ഇറുക്കപ്പെട്ട മനസ്സിനെ നനുത്ത പ്രണയം മഴപോലെ സാന്ത്വനമേകുന്നു...
കൺകോണുകളിൽ എവിടെയോ വിരഹകാർമേഘക്കെട്ടുകൾ നൊമ്പരപ്പെടുത്തുമ്പോൾ ഒരു പുഞ്ചിരിയുമായെത്തുന്ന മഴ..ഇനി അകലങ്ങളില്ല...ഓർമ്മതൻ ചരടു ബന്ധനങ്ങൾ മാത്രം!!!

149.
മഴ മതി:
കാറ്റിനോട്‌
പരാഗ രേണു!


150.
വയറുംവറുതിയും
ഒരേ നാണയം...
ഉള്ളവനും ഇല്ലാത്തവനും!


151.
കുടക്കു ദീനം:
മഴക്കും വെയിലിനും
തോന്ന്യാസം!

152 .
അക്ഷരം പ്രാണവായു,
വയസ്സൻ ഹംസം...
ശ്വാസമുട്ടി തപാൽപെട്ടി !

153.
ആലിൻ വേരു-
പുഞ്ചിരിച്ച്‌ കാറ്റിൽ
എന്റെ ഓണസമ്മാനം :)


154.
'വളപ്പൊട്ട്‌' എന്നു അമ്മ
വളയും പൊട്ടുമായ്‌ കുഞ്ഞ്‌
വളഞ്ഞ്‌ വാതിലിൽ മുത്തശ്ശി!

155.
മണ്ണു മാന്തി, വെള്ളം
വെള്ളം വറ്റിച്ചു, മണ്ണു
പിന്നെയും മാന്തുന്നു....

156.
കനം-
കീശക്കും
മനസ്സിനും....

157.
ചെക്കന്റെ
ചിണുങ്ങലിനു
ചുവന്നത്‌ ചെമ്പരുത്തി...

158.
കണ്ണു തുറക്കുമ്മുൻപെ മുറിവേറ്റ്‌...
കണ്ണു നനഞ്ഞ്‌ ...
കുഞ്ഞു തുമ്പ! :(


159.
തിരയായ്‌...
തണുപ്പായ്‌...
തമ്മിലലിയാൻ...


160.
'ജിങ്കൊ വാക്കും' കഴിഞ്ഞ്‌ വരുമ്പൊ
ജന്നത്തിൽ പോവാൻ കൊതിയില്ലാത്ത ഈ പാവം
ജനലഴിയിലൂടെ നോക്കിയിരിക്കാം :):):)

161.
വിളർച്ച-
വിലയില്ലാത്ത വളപ്പൊട്ടുകൾ
തെരുവിൽ ബാല്യം!

162.
നഷ്ടപ്രണയത്തിൻ,
തീചൂളയിൽ എരിയുന്നു....
എഴുതാൻ മറന്ന വരികൾ!


163.
മേഘക്കുഞ്ഞുങ്ങൾ
കളി സ്ഥലത്ത്‌ ഓടി നടന്നു
മഴയെത്തും മുൻപെ!

164.
ആരും കണ്ടില്ല
തെച്ചിയും മന്ദാരവും
വിതുംബിയത്‌!

165.
ഇരുട്ട്
ഊറി ചിരിച്ചു...
വെളുത്തവരെ നോക്കി!

166.
കാട്‌,
തളരുന്നു...
നാട്‌ വളരുന്നു!


167.
പേരും
പോരും
പുരനിറഞ്ഞ്‌ 'അഹം'!

168.
നാടിൻ സ്വപ്നം,
പുലരി തൻ പ്രതീക്ഷ
പൊവാതിരിക്ക വയ്യെന്ന് സൂര്യൻ!

169.
പൂവിതൾ,
കൊതിച്ചു അടരാതിരിക്കാൻ....
പൂമ്പാറ്റയെ കാണാൻ!

170.
അടഞ്ഞ വാതിൽ,
കണ്ടകന്നു പോയ്‌....
കാറ്റിലെൻ സ്വപ്നങ്ങൾ!

171.
പുകയിറക്കരിക്കുംകണ്ണീരിൻ തിളക്കം...
അടുക്കളപടിയിൽ ഒളിഞ്ഞു നൊക്കവേ
ഇളം തെന്നലും ഈറനായ്‌:(

172.
മറയുന്ന നേരം പറയാൻ
മറന്നതൊർക്കെ പിന്തിരിഞ്ഞ്‌ നൊക്കി
പിന്നെ, നടുങ്ങിയകന്നു അസ്തമയം!

173.
രാവിൻ മടിയിൽ,
കതിരും നിലാവും..
തലചായ്ചുറങ്ങി :)

174.
ചിരിയും ചിതയും മൗനം ,
ഇടയിൽ നൊമ്പരത്തിൻ...
നേർത്ത മഞ്ഞ്‌ പുതച്ച്‌ സന്ധ്യ!

175.
നിഴൽചിത്രം പിന്നിലൊ മുന്നിലൊ,
അറിയാതെ അരുകിൽ നീ...
സുഖമുള്ളൊരോർമയായ്‌ :)

176.
ദേശാടന കിളിപോലെ,
നീയും നിൻ മൗനവും....
എന്നേ പോയ്മറഞ്ഞു :(

177.
കാട്ടിള്ളിലെ ഊരിൽ നിലവിളി
ബൂട്ടിൻ ചടപട..
കിളികൾക്ക്‌ ക്ലീഷെ! അവർ കൊക്കുരുമിയിരുന്നു!

178.
ഡെലിവെറിക്ക്‌ തിരഞ്ഞെടുക്കുന്ന,
നിലത്തിൻ വില...
'ഡവറി' !!!

179.
മഴക്കും പ്രവാസത്തോട്‌,
പ്രണയമാണെന്നു...
ഒരു പ്രവാസി!

180.
മനം നിറച്ചു-
ചാഞ്ഞ വെയിൽ
വാരിവിതറി വർണപ്പൊട്ടുകൾ!

181.
കായലിന്നോളങ്ങൾ കരയോട്‌ചൊല്ലി...
ഇതെൻ പുത്തനുടുപ്പ്‌....
തോണികൾ തിരിതെളിച്ചു!

182.
കടന്നു പോയiതലമുറ,
തണലേകി തളർന്ന്...
'പടിപ്പുര' !

183.
ഇരുളിൻ കയ്‌വഴികളിൽ,
ഒർമകൾ നെഞ്ചിലേറ്റി...
അറിയാതെ അലയുന്നു നാം...

184.
ഒഴുകുന്നു പുഴയിൽ,
നഷ്ട സ്വപ്നത്തിൻ...
നെടുവീപ്പുകൾ!

186.
അക്ഷരമറിയാത്ത,
ചിതലിന്ന് ഭക്ഷണമായതെൻ...
നഷ്ട പ്രണയം!!!

187.
മഞ്ഞുതുള്ളിയെ കണികാണാം,
പൊൻ കിരണമേറ്റുണരാം...
'പൂമൊട്ട്‌' !

188.
മുക്തി തൻ മുത്തുമാലയേകി,
മുൻപേ തുളയിട്ടകുടവുമായ്‌....
പോയ ബാലൻ!

189.
തലനോട്ടം-
തലക്കനമില്ല
തലോടലിൽ തലവര മായുമോ!

190.
ഗതികിട്ടാത്ത സ്വപ്നങ്ങളുടെ
കടും നിറങ്ങളിൽ നിന്നും
വെള്ളനിറം മുഷിയാതെ നടന്നകലൂ നീ...

191.
ഘടികാരത്തിലേ സൂചികൾ നമ്മൾ,
വലുപ്പമാർക്കെന്ന്,
തീരാത്തർക്കം!

192.
ഇടറിയ നെഞ്ചിനും അണയാത്ത നൊമ്പരത്തിനുമിടയിൽ,
മരണത്തോട്‌ പ്രണയമെന്തിനെന്നു,
ഒരിക്കലും നീയറിയാതിരിയ്ക്കട്ടെ....


193.
വേരിൻ നിലവിളി,
പൂക്കള്‍...
ഞെട്ടറ്റ്‌ വീഴുന്നു!


194.
മഴയൊഴിഞ്ഞ്,
വെയിലാളുമ്പോള്‍ തിരികെ വരും...
അപ്പൂപ്പന്താടിയും ആലിലയും!


195.
ശിശിരം,നഗ്നനായി മരം
കൊഴിഞ്ഞ ഇലകളെ ഓർത്തു....
വസന്തം, വീണ്ടും മറവി!


196.
പതറുന്നു പേന,
അക്ഷരങ്ങളായി...നെടുവീപ്പുകൾ...
ശോകത്തിൻ രക്തമഷി!


197.
ശപിക്കരുതു കാടേ,
നിൻ ശോകമേറ്റെൻ വരും-
യുവതയും വെണ്ണീറായിടും!

198.
നാലു ചുവരുകൾകുള്ളിൽ,വിലങ്ങുമായ്‌,
ഇരുളിൻ തോളിലേറി...
മരണത്തിലേക്കു മടങ്ങുക!


199.
രാപകലുകൾക്‌ നിൻ സ്നേഹത്തിൻ നിറം,
നിൻ മൃദു സ്പര്‍ശത്തില്‍ ‍ അടര്‍ന്നു ഞാൻ,
പിരിയുവാനെന്നറിഞ്ഞിട്ടും....


200.
കാത്തിരിപ്പ്‌;
നോവിൻ മുത്ത്‌ കാണുംവരെ,
കണ്ണീരലിഞ്ഞ്‌ പുഞ്ചിരിയാകുംവരെ....


201.
പല സ്വപ്നങ്ങളും
പൂർണത നേടാൻ മടിച്ചു,
മുഖം തിരിച്ചു നിൽകുന്നു!


202.
മണ്ണിട്ട്‌ മൂടുക നീ,
അഴകുള്ള ഓർമ്മകളെയും,
എരിയുന്നൊരെൻ ആത്മ വ്യഥകളെയും....

203.
മഴയിൽ-
സ്വപ്നങ്ങൾക്‌ ചിറക്‌ മുളക്കുമെന്നു...
കതക്‌ ഞാൻ മുറുക്കെ അടച്ചു!!!

204.
കണ്ണെടുക്കാനവില്ലെനിക്ക്‌
മായക്കാഴ്ചയുടെ ,
മഴവില്ല് അഴക്‌!


205.
വേദന ;
പ്രണയത്തിന്റെ മാത്രം കുത്തകയാണൊ?
സൂചി !!!


206.
ഒരൊറ്റ സെക്കന്റ്‌ മതി
ജീവിതം മാറിമറിയാൻ....
സെക്കന്റ്‌ സൂചി തന്നെ കേമൻ!!!


207.
തിരിച്ചറിവുകൾക്‌ അപ്പുറം,
തിരികെപോക്കുമുണ്ടായിരുന്നെങ്കിൽ
ഇവിടെ സ്വർഗരാജ്യം!

208.
ജെ സി ബി യുമായ്‌,
അധിനിവേശക്കാർ...
പുഴ അഴിക്കുള്ളിൽ മഴകാത്ത്‌!

209.
കെട്ട്‌ പിണഞ്ഞു കിടക്കുന്നു,
മനസ്സിൻ തടവറയിൽ ഒർമകൾ
സ്വാതന്ത്ര്യം ധ്യാനിച്ച്‌!

210.
മൗനനൊംബരം,
മായ്കാനൊരു പുഞ്ചിരിയേകുക നീ...
മയങ്ങട്ടെ ഞാനും ഒരോർമയായ്‌!


211.
കവലയിലെ നോട്ടത്തിലും
നോട്ടിലും നിസ്സംഗതനായി....
...ഗാന്ധിജി!


212.
കെട്ടുകളില്ല-
പണത്തിന്റെയും...
പരിഭവത്തിന്റെയും...സ്വതന്ത്രം!


213.
പാലടക്കും പൂവിളിക്കും
കാത്തു നിക്കാതെ,
പോയെന്നമ്മ...


214.
പറഞ്ഞു വെക്കുന്നു...
പറയാത്ത കഥകൾ.
......കുമ്പസാരക്കൂട്‌!


215.
To be continued......